ഓണം ഇങ്ങ് എത്തി ഓണത്തിനെ  വരവേല്ക്കാന് നാടെങ്ങും ഒരുങ്ങി തുടങ്ങി എല്ലാവരെ പോലെ ഓണം എന്ന് പറയുമ്പോള്‍ പൂക്കളവും ഉഞ്ഞാലും ഓണത്തുമ്പിയും ഓണസദ്യയും അങ്ങനെ പല ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മ്മയോടൊപ്പം ഇത്തിരി നേരം സംഘര്‍ഷം അനുഭവിച്ച  ഒരു ഓണക്കാലഓര്‍മയും എനിക്കുണ്ട് . ഇപ്പോള്‍ ഞാന്‍ ഇതു തമാശയായി പറഞ്ഞു ചിരിക്കാറുണ്ട് പക്ഷെ ചിന്തിച്ചാല്‍ അത്ര തമാശയല്ലയിരുന്നു എന്റെ അനുഭവം .

ഞാന്‍ post graduationനു തമിഴ് നാട്ടില്‍ ചേര്‍ന്ന വര്ഷം, കോയമ്പത്തൂര്‍ സ്ഫോടനം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല .. അന്വേഷണം മുറുകി നില്‍ക്കുന്ന സമയം . ഞാന്‍ ജോയിന്‍ ചെയ്തു ഒരു മാസം അയപ്പോഴത്തേക്ക് ഓണം ഇങ്ങെത്തി. മിനിമം ഒരു ആഴ്ച നാട്ടില്‍ പോയി അടിച്ചുപൊളിക്കാം എന്നാ മനക്കോട്ട  ബുള്‍ഡോസര്‍ കൊണ്ട് ഹോസ്റ്റല്‍ ഡയറക്ടര്‍ഉം ഞങ്ങള്‍ സ്നേഹപൂര്‍വ്വം രാവണന്‍ എന്ന് വിളിക്കുന്ന കൃഷ്ണന്‍ ചേട്ടന്‍ തകര്‍ത്തു കളഞ്ഞു . കരഞ്ഞും വിളിച്ചും ഓണം വെക്കേഷന്‍നു ക്ലാസ്സ്‌ ടീച്ചര്‍ മുതല്‍ ഡയറക്ടര്‍ വരെ ഏകദേശം 9 പേരുടെ  ഒപ്പോടു കൂടി 3 ദിവസത്തെ പരോള്‍ കിട്ടി ,ഇത് മാത്രം പോര വെളിയില്‍ ഒന്ന് ഇറങ്ങണം എങ്കില്‍ ഹോസ്റ്റല്‍ മുതല്‍ front ഗേറ്റ് വരെയുള്ള ഒന്നര കിലോ മീറ്ററില്‍ ഏകദേശം നാലു വാച്ചര്‍ പുലികളുടെയും സീലും കിട്ടണം,മണി ക്കൂറുകള്‍  കൊണ്ട് ലോണ്‍ കിട്ടുന്ന ഈ കാലത്ത് ഞങ്ങള്‍ ഒരു മാസം മുന്‍പേ ഈ ഒപ്പ് ശേഖരം തുടങ്ങണം എന്നാലെ തിരുവോണത്തിനു എങ്കിലും വീട്ടില്‍ എത്താന്‍ പറ്റൂ .

            അങ്ങനെ എല്ലാ കടമ്പകളും കടന്നു ആ സുദിനം എത്തി,ട്രെയിന്‍ യാത്രയിലെ അലമ്പ് അറിയാവുന്ന കൊണ്ട് രാത്രിയിലെ ട്രവേല്സിനു വേണ്ടി ഞങ്ങള്‍ ഒരു ഗ്യാന്ഗ് ട്രാവെല്‍സിന്റെ വിശ്രമ മുറിയില്‍ കാത്തിരുന്നു ,ഇനിയും ഏകദേശം മുന്ന് നാലു മണിക്കൂര്‍ വേണം ബസ്‌ വരാന്‍ .വിശപ്പിന്റെ പഞ്ചാരി മേളം തുടങ്ങിയപ്പോള്‍  എല്ലാവരും കൂടി പുറത്തിറങ്ങി. ഹോസ്റ്റല്‍ലിലെ തൈര് സാധവും പുളിസാധവും അങ്ങനെ വായ്ക്ക് പിടിക്കാത്ത പല സാധങ്ങളും കഴിച്ചു മടുത്ത ഞങ്ങള്‍ക്ക് രുചിയോടു അല്‍പ്പം ഭക്ഷണം കിട്ടിയപ്പോള്‍ കുരുട്ടു ബുദ്ധിയും ഉദിച്ചു .

     ദസറയും ദിവാലിയും അനുബന്ധിച്ച് വഴിനീളെ പടക്കകടകള്‍ ഞങ്ങള്‍ ബസ്‌ യാത്രയില്‍ കണ്ടിരുന്നു നാട്ടില്‍ ചെന്നാല്‍  നമ്മള്‍ പരോളില്‍ എത്തിയ കാര്യം നാലു പേരെ അറിയിക്കാന്‍ ഇത് തന്നെ ബെസ്റ്റ് മാര്‍ഗം ... കസിന്‍സ്‌ ഇന്റെ മുന്‍പില്‍ ഇത്തിരി ആളാകാനും ഓണത്തിന്  ഓളം ഉണ്ടാക്കാനും വേണ്ടി ഇത്തിരി പടക്കം വാങ്ങാം എന്ന് തിരുമാനിച്ചു . എത്ര നടന്നിട്ടും ഒരു പടക്ക കടയും കണ്ടില്ല , സ്ഥലം അത്ര പിടിയില്ലാത്ത കാരണം അടുത്ത് കണ്ട കടയില്‍ ചോദിക്കാം എന്ന് കരുതി . തമിഴ് നാട്ടില്‍ ചെന്നിട്ടു അധികം നാളുകള്‍ ആകാത്ത കൊണ്ട് ആര്‍ക്കും തമിഴ് അത്ര വശം ഇല്ല .പൊട്ട തമിഴ് പറഞ്ഞു wardenനെ കൈയില്‍ എടുക്കുന്ന എന്നെ തന്നെ അവര്‍ ഈ ഉദ്യമം ഏല്പിച്ചു . കണ്ട എല്ലാ തമിഴ് സിനിമകളുടെയും ഡയലോഗ്ഗുകളും മനസ്സില്‍ ഉരുവിട്ടുകൊണ്ടും കമലഹാസന്‍ രജനികാന്ത്‌ മുതലായ എല്ലാ നാട്യ ചക്രവര്‍ത്തി കളേയും ധ്യാനിച്ച് കൊണ്ട് വലതു കാല്‍ വെച്ച് കൊണ്ട് അവിടെ കേറി.വടിവേലുവിനെ അനുസ്മരിപ്പിക്കുന്ന ഒരു യുവ കോമളന്‍ തന്റെ കൊന്നപൂപ്പോലുള്ള പല്ലുകള്‍ കാണിച്ചു ഞങ്ങളെ  വരവേറ്റു. ചോദിയ്ക്കാന്‍ വാ തുറന്നപ്പോഴാണ്  ആ ഭീകര സത്യം ഞാന്‍ മനസ്സില്‍ ആക്കിയത് ,പടക്കത്തിന്റെ തമിഴ് ഞങ്ങളില്‍ ആര്‍ക്കും അറിയില്ല.കട മുഴുവന്‍ ഞങ്ങള്‍ അരിച്ചു പറക്കിയിട്ടും മാലപടക്കം പോയിട്ട് ഒരു തീപ്പെട്ടിക്കൊള്ളി പോലും അവിടെ കണ്ടില്ല .വേണ്ട സാധനം എന്തെന്ന് മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിച്ചു രണ്ടും ചേട്ടന് അലര്‍ജി .ചേട്ടന്‍ കടയിലെ ഒട്ടുമുക്കാല്‍ സാധനങ്ങളും ഞങ്ങളുടെ മുന്‍പില്‍ നിരത്തി ...

അപ്പോഴാണ് പുറകില്‍ നിന്ന് യുറേക്ക എന്നാ ഒരു അലറി കരച്ചില്‍ കേട്ടത് ..."കിട്ടിപ്പോയി വാക്ക് കിട്ടിപ്പോയി പടക്കത്തിന്റെ തമിഴ് " ഗുണ്ട് " .. "ഞങ്ങളുടെ കൂട്ടത്തിലെ വികിട സരസ്വതി ആണ് കിടന്നു കാറുന്നത്‌.. ഒരു പിടി വള്ളി കിട്ടിയ സന്തോഷത്തില്‍ ഞങ്ങളും അലറി അണ്ണാ ഗുണ്ട് വേണം ഗുണ്ട് .. (ഗുണ്ടിന്റെ തമിഴ് അര്ത്ഥം ബോംബ്‌ ).ഇത് വരെ നാക്ക്‌ അകത്തിടാതെ നിന്ന ചേട്ടന്‍ ഷോക്ക്‌ അടിച്ച മാതിരി നില്‍ക്കുന്നു , പിന്നെ പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു .

"അങ്ങനെ വരട്ടെ പറയേണ്ട ഭാഷയില്‍ പറഞ്ഞപ്പോള്‍ ചേട്ടന് മനസിലായി ഇതാണ് വിവരം ഉള്ളവരെ കൂടെ കൊണ്ട് വരണം എന്ന് പറഞ്ഞു ഞങ്ങളുടെ വികട സരസ്വതി വലിയ ജടയില്‍ നില്‍ക്കുകയാണ് ."
അവളുടെ തമിഴ് ജ്ഞാനത്തെ മനസ്സാല്‍ നമിച്ചു  ഒരു വലിയ കാര്യം സാധിച്ച മട്ടില്‍ ഞങ്ങളും.

 കുറച്ചു കഴിഞ്ഞു ഒരു ഒന്നൊന്നര വലുപ്പം വരുന്ന ഒരു അക്കയും കുടക്കമ്പി പോലുള്ള ഒരു അണ്ണനും  ഞങ്ങളുടെ മുന്‍പില്‍ അവതരിച്ചു . വലിയ സന്തോഷത്തില്‍ ഞങ്ങള്‍ വീണ്ടും ഗുണ്ട് അന്വേഷിച്ചു. പന്തം കണ്ട അണ്ണാച്ചിയെപ്പോലെ അവര്‍ക്ക് ഒരു ഭാവ മാറ്റവും ഇല്ല ..

"ഛെ .. ഞങ്ങളുടെ അത്ര കൂടി തമിഴ് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത തമിഴഴോ മോശം മോശം .. "എന്നാല്‍ അറ്റ കൈ ഇനി ആക്ഷന്‍ മാത്രമേ വഴിയോള്ളു‌. അങ്ങനെ ഞാന്‍  കലാപരുപാടി തുടങ്ങി .. ആദ്യം തീ കൊളുത്തുന്നു ശീ ..... മുകളിലേക്ക് പോകുന്നു ട്ടോ ....പൊട്ടുന്നു .. അപ്പോഴത്തേക്കും എന്റെ കൂട്ടുകാര്‍ തൃശൂര്‍ പൂരം തുടങ്ങി കഴിഞ്ഞിരുന്നു  .. ഇതെല്ലം കണ്ടു അവര്‍ ഭയന്ന് (???) അടുത്തുള്ള കടക്കാരെയും വിളിച്ചു , "ഞങ്ങളുടെ അഭിനയത്തിന് ഇത്ര ആരാധകരോ ചിലപ്പോള്‍ അവര്‍ അമ്പലം എങ്ങാനും പണിതാലോ ... ഛെ പണിയാകുമല്ലോ "എന്ന് സ്വപ്നം കണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് മലയാളിയുടെ ട്രേഡ് മാര്‍ക്ക്‌ അയ ചുട്ടി തോര്‍ത്തും തോളത്തു ഇട്ടു  അടുത്ത് കട നടത്തുന്ന ഒരു മലയാളി എത്തി ഞങ്ങളോട്  എന്താണ് നിങ്ങള്‍ തേടുന്നതെന്ന് അന്വേഷിച്ചു,ഓ ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ കോറസ്‌ ആയി പറഞ്ഞു "പടക്കം" ...

 പിന്നെ അവിടെ കേട്ടത് മലപടക്കത്തേക്കാള്‍ ഉച്ചത്തില്‍ ഉള്ള അയാളുടെ  പൊട്ടിച്ചിരി ആയിരുന്നു .. അയ്യോ  എത്ര പെട്ടന്ന്  വട്ടായോ എന്ന് വാണ്ടെര്‍ അടിച്ചു നിന്ന ഞങ്ങളോട് പറഞ്ഞു " മക്കളെ ഭാഷ അറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിച്ച്‌ മനസിലാക്കണം അല്ലാതെ വായില്‍ വരുന്നത് വിളിച്ചു പറയുക അല്ല വേണ്ടത് . ആരെങ്കിലും പരസ്യമായി ബോംബ്‌ പോയി ചോദിക്കുമോ.. അതും അടുത്ത് തന്നെ ബോംബ്‌ സ്പോടനം നടന്ന സ്ഥല ത്ത് മറ്റു വല്ല കടയിലും ആയിരുനെങ്കില്‍ അവര്‍ എപ്പോള്‍ പോലീസ് ഇല്‍ അറിയിച്ചു എന്ന് ചോദിച്ചാല്‍ പോരെ" ,ഞങ്ങള്‍ മലയാളികള്‍ ആണെന്നും ഭാഷ അറിയില്ലന്നും മനസ്സില്‍ ആക്കിയ കാരണം അദ്ധേഹത്തിന്റെ സഹായം അവര്‍ തേടിയതാണ് പോലും.

ഒന്നും പറയേണ്ട ജിഞ്ചര്‍ കടിച്ച  മലയാളിയെ പോലെ നിന്ന ഞങ്ങള്‍ രാജ്യത്തെ ഭാഷയുടെ പേരില്‍ വെട്ടിമുറിച്ച ആള്‍ക്കാരെ മനസാ ചീത്ത വിളിച്ചു കൊണ്ട് ഒരു വിധം അവിടെനിന്നു തലയൂരി .. ഓണത്തിനു ആളാകാന്‍ ശ്രേമിച്ച ഞാന്‍ വീട്ടിലും നാട്ടിലും കോളേജിലും ചമ്മി നാറിയെന്ന് പറഞ്ഞാല്‍ പോരെ. പിന്നീട് കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനതിന്റെ ഭീകരത ഞാന്‍ എന്റെ കൂട്ടുകാര്‍ പറഞ്ഞാണ്‌ അറിഞ്ഞത് . അന്ന് ആ മലയാളി വന്നു രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ആ ഓണം മാത്രമല്ല പല ഓണങ്ങളും കോയമ്പത്തൂര്‍ ജയില്‍ഇലെ ഗോതമ്പ് ഉണ്ട കഴിച്ചു കിടക്കേണ്ടി വന്നേനേ...

ഗുണപാഠം : അറിയാമെങ്കിലേ പറയാവു‌ , ഇല്ലെങ്കില്‍ വാ തുറക്കരുത്

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....